ഡൽഹി: രാജ്യത്തെ ആദ്യ എലിവേറ്റഡ് ക്രോസ് ടാക്‌സിവേ ഈ വർഷം ഡൽഹിയിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. വ്യോമയാന സുരക്ഷാ ഏജൻസികളുടെ അനുമതിക്ക് ശേഷമായിരിക്കും ഇത് തുറക്കുന്നതെന്ന് അധികാരികൾ അറിയിച്ചു.എലിവേറ്റഡ് ക്രോസ് ടാക്സിവേ പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യും. കൂടാതെ ഈ പ്രദേശത്തുകൂടി വാഹനമോടിക്കുന്ന ആളുകൾക്ക് വേറിട്ടൊരു അനുഭവം നൽകും. ടാക്‌സിവേ പ്രവർത്തനക്ഷമമാകുന്നതോടെ വിമാനം ലാൻഡ് ചെയ്തതിനു ശേഷം പിന്നിടേണ്ട ദൂരവും കുറയും.
ലോകത്ത് ചുരുക്കം ചില വിമാനത്താവളങ്ങളിൽ മാത്രമാണ് ഇത്രയും ഉയർന്ന ടാക്‌സിവേകൾ ഉള്ളതെന്ന് അധികൃതർ അറിയിച്ചു. ഏവിയേഷൻ സെക്യൂരിറ്റി ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത്് സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ സുരക്ഷയെക്കുറിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എലിവേറ്റഡ് ടാക്‌സിവേയുടെ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.