തിരുവനന്തപുരം : ഗുരുതര ആരോപണങ്ങളുയർന്നിട്ടും എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ കടുത്ത അതൃപ്തി പരസ്യമാക്കി ഘടകകക്ഷിയായ സിപിഐ. ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിക്കെതിരെ അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിലാണ് സിപിഐക്ക് അമര്‍ഷം. മുന്നണി ഘടകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞിട്ടും എഡിജിപിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിലാണ് സിപിഐ എതിര്‍പ്പ് ഉയർത്തുന്നത്. ഇത്രയധികം ആരോപണങ്ങൾ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയിൽ തുടരുന്നുവെന്ന് മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന കാര്യത്തിൽ അന്വേഷണം പോലും നിര്‍ദ്ദേശിച്ചിട്ടില്ല. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണം പോലും ഇല്ലെന്നിരിക്കെ എഡിജിപിയെ പുറത്താക്കണമെന്ന് ജനയുഗത്തിൽ ലേഖനമെഴുതിയ പ്രകാശ് ബാബു തുറന്നടിച്ചു.
ഒരു വിശദീകരണം തേടാൻ ഇത്രസമയമോ എന്ന ചോദ്യം ന്യായമല്ലേ എന്ന് സിപിഐ ചോദിക്കുന്നു. പ്രശ്നം മുന്നണിക്ക് അകത്ത് പുകയുമ്പോഴും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. അജിത് കുമാറിൻറെ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഡിജിപിയുടെ ശുപാർശയിൽ പോലും മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഫലത്തിൽ ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ ഇതുവരെ പ്രഖ്യാപിക്കാത്ത അന്വേഷണത്തിന് കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറയുന്നതും. അജിത് കുമാർ ഇടതുപക്ഷത്തെയാകെ വെട്ടിലാക്കിയെന്ന വിമർശനം സിപിഐക്ക് മാത്രമല്ല സിപിഎമ്മിനുമുണ്ട്. ഇപ്പോഴൊരു അന്വേഷണം നടക്കുന്നല്ലോ അത് തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ ഒറ്റവാക്കിലാണ് കാത്തിരിപ്പ്. അതേസമയം സിപിഐയുടെ പരസ്യ പ്രതികരണത്തിൽ സിപിഎമ്മിന് കടുത്ത അമര്‍ഷവുമുണ്ട്.