തിരുവനന്തപുരം: മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ സ്വപ്‌ന വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിനെ തുര്‍ന്നുള്ള ഷോക്കിലാണ് താന്‍. മകളെക്കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും പ്രഭ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സ്വപ്നയുടെ അമ്മ പറയുന്നു. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും അവര്‍ പറയുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്.
ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യ ജീവിതം തകര്‍ന്ന ശേഷം തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗള്‍ഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി. പിന്നീട് എയര്‍ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം.
കോണ്‍സുലേറ്റില്‍ നിന്ന് വിസാ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവര്‍ത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐ.ടി വകുപ്പില്‍ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു.