ഭുബനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍. ചില മാധ്യമങ്ങള്‍ മരണസംഖ്യ 288 ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയിട്ടുണ്ടെന്നും ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരില്‍ 88 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1,175പേരെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 793 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നുണ്ട്. നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആശുപത്രികളില്‍ കഴിയുന്നവരുടെയും മരിച്ചവരുടെയും പേരുകള്‍ ഒഡീഷ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. https://srcodisha.nic.in https://bmc.gov.in https://osdma.org എന്നീ വെബ്‌സൈറ്റുകളിലാണ് വിവരങ്ങളുള്ളത്.