പത്തനംതിട്ട: കോന്നിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍കണ്ടെത്തുകയും ചെയ്ത സംഭവം നടന്നിട്ട് ഏഴ് വര്‍ഷം തികയുമ്പോഴും അത് ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും നില്‍ക്കുന്നു. കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന ആതിര, ആര്യ, രാജി എന്നീ പെണ്‍കുട്ടികളെ 2015 ജൂലൈ 9നാണ് കോന്നിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
2015 ജൂലായ് ഒൻപതിന് മൂവരും ഒന്നിച്ചാണ് സ്‌കൂളിലേക്ക് പോയത്.സന്ധ്യ കഴിഞ്ഞും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ ബംഗളൂരുവിൽ എത്തിയതായി സൂചന ലഭിച്ചത്. അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. യാത്രയ്ക്ക് വേണ്ടിയുള്ള പണത്തിനായി ഇവർ വിറ്റ ടാബും അത് വാങ്ങിയ കടക്കാരനെയും കണ്ടെത്തിയെങ്കിലും കുട്ടികളെപ്പറ്റി വിവരം ലഭിച്ചില്ല. ബംഗളൂരുവിൽ എത്തിയ മൂവരും നാട്ടിലേക്ക് മടങ്ങിയെന്നും നാട്ടിൽ എത്തിയിട്ട് വീണ്ടും തിരിച്ചു പോയെന്നും കണ്ടെത്തി.
ജൂലായ് 14 ന് ഒറ്റപ്പാലം മങ്കരയ്‌ക്ക് സമീപം റെയിൽവേ ട്രാക്കിലാണ് രാജിയുടെയും ആതിരയുടെയും മൃതദേഹങ്ങൾ കണ്ടത്. കുറെ അകലെയായി ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തി. ആര്യയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോന്നി പൊലീസ് ആരംഭിച്ച അന്വേഷണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റേഞ്ച് ഐ.ജി മനോജ് എബ്രഹാമും ഐ.ജി ആയിരുന്ന സന്ധ്യയും ഏറ്റെടുത്തു. ഫോറൻസിക്, പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം.
അന്വേഷണം തൃപ്‌തികരമല്ലാത്തതിനെ തുടർന്ന് വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. സ്വന്തമായി മൊബൈല്‍ ഫോണുകളില്ലാതിരുന്ന പെണ്‍കുട്ടികളുടെ കയ്യില്‍ അവ എങ്ങനെ എത്തി,സിം കാര്‍ഡ് ആരുടെ പേരിലാണ്, ആരോടൊക്കയാണ് പെണ്‍കുട്ടികള്‍ കാണണാതായതിന് ശേഷം ഫോണില്‍ സംസാരിച്ചത് തുടങ്ങിയ സംശയങ്ങള്‍ക്ക്ഇന്നും ഉത്തരം കിട്ടാതെ വീര്‍പ്പ് മുട്ടുകയാണ് ബന്ധുക്കള്‍.