ത്രിശൂര്‍: നിക്ഷേപമായ 2,50,000 രൂപയും പലിശയും 12500 രൂപ നഷ്ടപരിഹാരവും നൽകണം, ഒല്ലൂക്കര ടൗൺ പ്യൂപ്പിൾ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടിനും സെക്രട്ടറിക്കുമെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി. നിക്ഷേപത്തുക തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃശൂർ ഒല്ലൂക്കരയിലുള്ള കുന്നത്ത് വീട്ടിൽ ജയരാമൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ജയരാമൻ സൊസൈറ്റിയിൽ രണ്ട് ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെ ആകെ 250000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപസംഖ്യകൾ പലിശ സഹിതം യഥാസമയം സൊസൈറ്റി തിരികെ നൽകിയില്ല.
തുടർന്ന് ജയരാമൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യകൾ തിരികെ ലഭിക്കാതിരുന്നതിനാൽ ഹർജിക്കാരനുണ്ടായ മാനസിക വിഷമവും ബുദ്ധിമുട്ടുകളും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് ആദ്യ നിക്ഷേപമായ 2,00,000 രൂപയും 8% പലിശയും രണ്ടാമത്തെ നിക്ഷേപമായ 50000 രൂപയും 7.5% പലിശയും നൽകുവാനും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.