എഴുമറ്റൂർ: എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഞ്ചാം വാർഡ് അംഗം ലീലാമ്മ സാബുവിനെ ആറ് വർഷത്തേക്ക് മൽസരിക്കുന്നതിൽ നിന്നും നിലവിലെ പഞ്ചായത്ത് അംഗമായി തുടരുന്നതിൽ നിന്നും അയോഗ്യയാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ചെയർമാൻ തെരഞ്ഞെടുപ്പിലും ഡി.സി.സി.പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് മൽസരിക്കുകയും ഇടത് പക്ഷ അംഗങ്ങളുടെ വോട്ട് നേടി ചെയർമാൻ പദവിയിൽ ജയിക്കുകയും ചെയ്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും പതിനാലാം വാർഡ് അംഗവുമായ കൃഷ്ണകുമാർ മുളപ്പോൺ അഡ്വ. മൃദുൾ ജോൺ മാത്യു മുഖേന നൽകിയ പരാതിയിലാണ് കൂറുമാറ്റ നിയമപ്രകാരം കമ്മീഷൻ നടപടി സ്വീകരിച്ചത്.
പാർട്ടയിൽ ദീർഘനാളായി എഴുമറ്റൂരിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ അനന്തരഫലമാണ് കൂറുമാറ്റത്തിൽ എത്തിയത്. വിപ്പ് നൽകിയ ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കമ്മീഷനിൽ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയപ്പോൾ നിലവിലുള്ള മണ്ഡലം പ്രസിഡന്റ് വിജു തോമസ്, ഭാരവാഹികൾ ആയ തലയാർ ഗോപി, ബിനു.ടി.സാമുവൽ , മുഹമ്മദ് നഹാസ് എന്നിവർ ലീലാമ്മ സാബുവിന് അനുകൂലമായി കമ്മീഷനിൽ ഹാജരായി മൊഴിനൽകിയതും വിഭാഗീയതയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ഡി.സി.സി. പ്രസിഡന്റിന്റെ നിലപാടിനെതിരെ മൊഴി നൽകിയ ഇവർ ഇപ്പോഴും നടപടി നേരിടാതെ പാർട്ടിയിൽ തുടരുന്നു എന്നത് അതിലേറെ വിചിത്രമാണ്. ഇവിടെ വിഭാഗീയത വളർത്തി പാർട്ടിയെ നശിപ്പിക്കുന്നത് ഒരു മുൻ ഡി.സി.സി. ഭാരവാഹി ആണെന്നും ഇയാളെ നിലക്ക് നിർത്താത്തിടത്തോളം പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് വലിയ തളർച്ച ഇനിയും നേരിടേണ്ടി വരുമെന്നാണ് സാധാരണ പ്രവർത്തകരുടെ വികാരം. നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടപ്പണിക്കരെ ഒരു സുപ്രഭാതത്തിൽ നീക്കം ചെയ്ത് വിജു തോമസിനെ കൊണ്ടുവന്നതും ഈ നേതാവിന്റെ കരങ്ങളാണെന്ന് പ്രവർത്തകർ പറയുന്നു.