തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടത്തപ്പെടും. നാളെ വൈകിട്ട് 6.30-ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി 6 മണിക്ക് കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടക്കും. റവ. ഡോ. രാജാസിംങ്ങ് ബാംഗ്ലൂർ, ബ്രദർ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, ബ്രദർ. മനു റസ്സൽ എന്നിവരാണ് മുഖ്യ പ്രസംഗകർ. ബിഷപ്പ് ഡോ. എം.കെ.കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഡോ. സി. വി. മാത്യു, ബിഷപ്പ് എ. ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസിന് ബ്രദർ. സാജു ജോൺ മാത്യു നേതൃത്വം നൽകും.
തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും സഭയിലെ പ്രവർത്തകരുടെയും മിഷനറിമാരുടെയും യോഗം, ബുധനാഴ്ച്ച രാവിലെ 10ന് സഭയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വൈദീകർ, സുവിശേഷകർ, സേവിനിമാർ എന്നിവർക്കുള്ള ആദരവ്, ദിവസവും രാവിലെ 9.30 മുതൽ 10 വരെ മധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6. 30ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ വ്യാഴം മുതൽ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും പൊതുയോഗങ്ങൾ നടത്തപ്പെടും. സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ഗാന ശുശ്രൂഷ നിർവ്വഹിക്കും. കണ്‍വന്‍ഷന്റെ 150-ൽ പരം ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകം, ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം, കഴിഞ്ഞ 25 വർഷത്തെ പുതിയ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പെന്‍ഡ്രൈവ് എന്നിവയുടെ പ്രകാശനവും കൺവൻഷൻ നഗറിൽ നാളെ നടത്തപ്പെടും. 26-ന് ഞായറാഴ്ച്ച കൺവൻഷൻ സമാപിക്കും.