പ്രമുഖ അമേരിക്കൻ എസ്‍യുവി ഭീമനായ ജീപ്പ്, മെറിഡിയൻ എസ്‍യുവിയെ 2022 മെയ് മാസത്തിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഇപ്പോൾ 2024 അവസാനത്തോടെ ഇതിന് മുഖം മിനുക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് ഇപ്പോൾ റിപ്പോര്‍ട്ടുകൾ വരുന്നത്. പുതിയ 2024 ജീപ്പ് മെറിഡിയനെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, അകത്തും പുറത്തും ചെറിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ അൽപ്പം പരിഷ്‌ക്കരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, പരിഷ്‌ക്കരിച്ച ഹെഡ്‌ലാമ്പുകൾ, മറ്റ് ചില ചെറിയ ക്രമീകരണങ്ങൾ എന്നിവ കാണുമെന്നും പ്രതീക്ഷിക്കാം. കോംപസ് നൈറ്റ് ഈഗിൾ എഡിഷനുമായി സാമ്യമുള്ള എയർ പ്യൂരിഫയർ, ഫ്രണ്ട് ആൻഡ് റിയർ ഡാഷ്‌ക്യാമുകൾ തുടങ്ങിയ ചില അധിക ഫീച്ചറുകൾ മെറിഡിയന് ലഭിക്കാനും സാധ്യത ഉണ്ട്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ പ്രധാന സവിശേഷതകളും കാണുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ പതിപ്പിനെപ്പോലെ, പുതിയ 2024 ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ അളവുകൾ നിലനിർത്താൻ സാധ്യതയുണ്ട്. 4,769 എംഎം നീളവും 1,859 എംഎം വീതിയും, 1,682 എംഎം ഉയരവും, 2,794 എംഎം വീൽബേസും ലഭിക്കും. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് 364 എംഎം നീളവും 41 എംഎം വീതിയും 48 എംഎം ഉയരവും നിലനിർത്തുന്നു, വീൽബേസ് 146 എംഎം വിപുലീകരിച്ചിട്ടുണ്ട്.