പത്തനംതിട്ട : കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് കർഷക സംഘം സമ്മേളനം സമാപിച്ചു. പൊതുചർച്ചയടക്കമുള്ള അജണ്ടകൾ ഒഴിവാക്കി. പ്രിയ നേതാവിന് അനുശോചനമറിയിച്ച് തെരഞ്ഞെടുപ്പ് എന്ന അജണ്ട മാത്രം പൂർത്തിയാക്കി. ആദ്യ ദിന സമ്മേളനം അവസാനിച്ചപ്പോളാണ് കോടിയേരിയുടെ വിയോഗ വാർത്ത എത്തിയത്. രണ്ടാം ദിനവും സമ്മേളനം തുടരുക എന്നത് അനിവാര്യമായിരുന്നു. ശോകമൂകമായ അന്തരീക്ഷത്തിൽ കോടിയേരിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചത്. എം എം മണിയടക്കമുള്ള നേതാക്കളുടെ മുഖത്ത് ദു:ഖം തളം കെട്ടി നിന്നു. റബർ കർഷകർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നതടക്കം അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
കെ പി ഉദയഭാനു, രാജു ഏബ്രഹാം, എ പത്മകുമാർ, പി ബി ഹർഷകുമാർ, ഓമല്ലൂർ ശങ്കരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ബാബു കോയിക്കലേത്ത് (പ്രസിഡൻ്റ്) ജി വിജയൻ, കെ പി സുഭാഷ് കുമാർ, ഓ സതികുമാരി(വൈസ് പ്രസിഡൻ്റുമാർ, ആർ തുളസീധരൻ പിള്ള (സെക്രട്ടറി) കെ ജി വാസുദേവൻ, ജനു മാത്യു, കെ ജെ ഹരികുമാർ (ജോ. സെക്രട്ടറിമാർ) കെ യു ജനീഷ് കുമാർ എം എൽ എ (ട്രഷറാർ) ഡോ അംബികാദേവി, ജിജി മാത്യു, ആർ അജയകുമാർ, പ്രസാദ് എം ദാസ്ക്കർ, ആർ ഗോവിന്ദ്, ആർ ബി രാജീവ് കുമാർ ( എക്സികുട്ടീവ് അംഗങ്ങൾ) എന്നിവർ ഭാരവാഹികളായി 42 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ കെ പി രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.