കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമെന്നു പിതാവ്. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസർ എന്ന പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതെന്നാണ് പിതാവിന്റെ ആരോപണം.
ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തിരുന്നു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വിദേശത്ത് നിന്നും ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം സമീർ ഉൾപ്പെട്ട സംഘത്തിന് കൈമാറിയെന്നാണ് പോലീസിന് ലഭിച്ച വിവരം.