തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കത്തിനിടെ ബിജെപിയെ വെട്ടിലാക്കി എഫ്സിആർഎ നിയമഭേദഗതി ബിൽ. ഓശാനാ ഞായർ ദിനം വിവിധ സഭാ അധ്യക്ഷന്മാർ ബില്ലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബിൽ ബിജെപിക്കെതിരെ ആയുധമാക്കുകയാണ് എൽഡിഎഫും യുഡിഎഫും. എന്നാൽ ബിൽ ഒരു മതത്തിനെതിരെ അല്ലെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ വിശദീകരിച്ചു. വിദേശ സംഭാവന നിയന്ത്രിക്കാനുള്ള എഫ് സിആർഎ നിയമത്തിലെ ഭേദഗതിയിൽ സിബിസിഐ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സർക്കാർ ഒരു അതോറിറ്റി ഉണ്ടാക്കി മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനിടയുണ്ട് എന്നതടക്കമുള്ള ആശങ്കയാണ് സഭ പങ്ക് വെക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധാ സഭാ അധ്യക്ഷന്മാരും ബില്ലിനോട് എതിർപ്പ് ഉന്നയിക്കുകയാണ്. എഫ്സിആർഎ ഭേദഗതി ബിൽ അപ്രതീക്ഷിതമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രതികരിച്ചു. ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ട്. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നത്. വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചോദിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് സഹായം നൽകാൻ കഴിയുന്നത് എഫ്സിആർഎ വഴിയാണ്. പാവപ്പെട്ടവരെ സഹായിക്കാൻ നൽകുന്നതാണ് വിദേശ ഫണ്ട്. ഇതിനെ ദേശവിരുദ്ധ പ്രവർത്തനം എന്ന നിലയിൽ കാണുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായാണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ അത് റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കൊക്കെ ഫണ്ട് വരാറുണ്ട്. ജനാധിപത്യവ്യവസ്ഥയിൽ നിയമ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ ഭേദഗതി ബിൽ പുന പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ് തറ പറഞ്ഞു. എഫ്സിആർഎ നിയമത്തിലെ ഭേദഗതിയില്‍ സിബിസിഐ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോഴിക്കോട് ആർച്ച് ബിഷപ്പും കെസിബിസി അധ്യക്ഷനുമായ വർഗീസ് ചക്കാലക്കലും പ്രതികരിച്ചു.






























