കോന്നി : അഞ്ചുകുഴി കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനംവകുപ്പിന്റെ കീഴിലുള്ള 2.5 കിലോമീറ്റർ റോഡാണ് വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ലാതെ കിടക്കുന്നത്. റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തണ്ണിത്തോട്, മണിയാർ റോഡിന്റെ ഭാഗമാണ് ഇത്. തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന ആദ്യകാല റോഡായിരുന്നു ഇത്. എന്നാൽ പിന്നീട് കോന്നി തണ്ണിത്തോട് റോഡ് വികസിച്ചതോടെ ഈ റോഡിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും മണിയാർ കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ്സ് സർവീസ് ഉണ്ടായിരുന്നു.
റോഡ് തകർച്ചയെ തുടർന്നാണ് സർവീസ് നിർത്തലാക്കിയത്. തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ സഞ്ചാര യോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗം തകർച്ചയിലായത് മൂലം കട്ടച്ചിറ, കുടപ്പനകുളം വനമേഖല പ്രദേശങ്ങളിലെ നാന്നൂറിൽ ഏറെ കുടുംബങ്ങളാണ് യാത്ര സൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നത്. മാത്രമല്ല കോന്നി മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനകുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. കുടപ്പനകുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ – തണ്ണിത്തോട് റോഡിലെ നീലിപ്പിലാവിൽ എത്തി ചുറ്റി കറങ്ങി പോകേണ്ടി വരും. നിരവധി കുടുംബങ്ങൾക്ക് പ്രയോജനപെടുന്ന റോഡ് സഞ്ചാര യോഗ്യമാക്കാണെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.