ഇടുക്കി : ഇടുക്കിയിലെ ജനങ്ങളെ ഒറ്റുകൊടുത്തത് തങ്ങള് വന് ഭൂരിപക്ഷത്തില് ജയിപ്പിച്ചുവിട്ട എം.എല്.എമാരാണ്. വലിയ ഭൂരിപക്ഷത്തില് യു.ഡി.എഫ് സര്ക്കാര് കേരളത്തില് അധികാരമേറ്റതോടെ ഭരണപക്ഷ എം.എല്.എമാര്ക്ക് അധികാരം തലക്ക് മത്തുപിടിപ്പിച്ചിരിക്കുകയാണ്. ഇടുക്കി ജില്ല ഘട്ടം ഘട്ടമായി വനമേഖലയാക്കുവാന് വളരെ നിഗൂഡവും ആസൂത്രിതവുമായ നടപടികള് നടക്കുമ്പോള് മൌനം പാലിക്കുകയാണ് ഇടുക്കി എം.എല്.എ റോയ് കെ.പൗലോസ്, പീരുമേട് എം.എല്.എ അഡ്വ.സിറിയക് തോമസ്, ഉടുമ്പന്ചോല എം.എല്.എ അഡ്വ.സേനാപതി വേണു, ദേവികുളം എം.എല്.എ എഫ്.രാജ, തൊടുപുഴ എം.എല്.എ അപു ജോണ് ജോസഫ് എന്നിവര്. ഇടുക്കിയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വന്യമൃഗങ്ങള്ക്ക് വാസസ്ഥലം ഒരുക്കുവാന് വെമ്പല് കൊള്ളുന്ന കപടപരിസ്ഥിതിവാദി സംഘടനകളുടെ ചട്ടുകമായി മാറിക്കഴിഞ്ഞു ഇവരില് പലരും.
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റിട്ട് മാസങ്ങള് കഴിഞ്ഞെങ്കിലും ഇടതുപക്ഷക്കാരനായ കളക്ടര് ദിനേശന്റെ കസേരക്ക് ഇളക്കം തട്ടിയില്ല. ഭരണകക്ഷി എം.എല്.എമാരുമായി ഇദ്ദേഹത്തിനുള്ള രഹസ്യ ബാന്ധവമാണ് ഇതിനുകാരണം. തുടര്ച്ചയായി ജനദ്രോഹ ഉത്തരവുകള് ഇറക്കി ഇടുക്കിയിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ജില്ലയിലെ അഞ്ച് എം.എല്.എമാരുടേയും രഹസ്യപിന്തുണ കളക്ടര് ദിനേശന് ചെറുവാട്ടിന് ലഭിക്കുന്നുണ്ടെന്നു വേണം കരുതുവാന്. വിദേശ രാജ്യങ്ങളില് നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് കോടിയുടെ കാര്ബണ് ഫണ്ടില് ആരുടെയൊക്കെ കൈകള് നീണ്ടിട്ടുണ്ട് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
റവന്യൂ വകുപ്പിന്റെ തെറ്റായ ഉത്തരവുകള്ക്കെതിരെ ഒരു ചെറുവിരല് പോലും അനക്കുവാന് നിലവിലുള്ള ജനപ്രതിനിധികള്ക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങള് ഒറ്റക്കും കൂട്ടായും സംഘടന വഴിയും നിലവിലുള്ള പ്രശ്നങ്ങള് എം.എല്.എമാരെ ധരിപ്പിച്ചിട്ടും, തങ്ങള് ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് പഞ്ച പാണ്ഡവന്മാര്. ഇടുക്കിയിലെ എം.എല്.എമാര് ബംഗാളികളാണോ എന്ന് പലരും ചോദിച്ചുതുടങ്ങി. കാരണം ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്നങ്ങള് ഓരോ ദിവസവും ഇവരെ പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേടിലാണ് ജനങ്ങള്. കാലം ഒന്നും മാറ്റിവെക്കില്ല. ഇതിനൊക്കെ കണക്ക് പറയിപ്പിക്കുകതന്നെ ചെയ്യുമെന്ന് യു.ഡി.എഫ് പ്രവര്ത്തകര് ശപഥം ചെയ്യുമ്പോള് അത് മുഖവിലക്ക് എടുക്കുകതന്നെവേണം.































