പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂർ, വടക്കുപുറം, കിഴക്കുപുറം, പരുത്തിയാനി, ഈട്ടിമൂട്ടിൽ ഭാഗം പ്രദേശങ്ങളിലെ പൊതുമരാമത്ത് വകുപ്പ്, ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള റോഡുകളുടെ വശങ്ങളിൽ വ്യാപകമായ രീതിയിൽ കാട് വളർന്ന് ഗതാഗത തടസം സൃഷ്ടിച്ചിട്ടുള്ളത് അടിയന്തിരമായി നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് വെട്ടൂർ, വടക്കുപുറം വാർഡ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ നടത്തുന്ന പ്രവർത്തികൾ ഇഷ്ട്ടക്കാരായ ഏതാനും സ്വകാര്യ വ്യക്തികൾക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണെന്നും റോഡുവശങ്ങളിലെ കാട് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ പ്രവർത്തികൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഏൽപ്പിച്ച് നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗതാഗത തടസം സൃഷ്ടിക്കുന്ന റോഡു വശങ്ങളിലെ പുല്ലും കാടുകളും നീക്കം ചെയ്യുവാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുന്നതിന് കോൺഗ്രസ് വാർഡ് കൺവെൻഷൻ തീരുമാനിച്ചു. ഡി.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി മീരാൻ വടക്കുപുറം, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജോസഫ് മാത്യു ചുണ്ടമണ്ണിൽ, സദാശിവൻപിള്ള ചിറ്റടിയിൽ, വാർഡ് പ്രസിഡന്റ് ബാബു വാനിയത്ത്, ബൂത്ത് പ്രസിഡന്റ് പ്രേംജിത് ഇടത്തുണ്ടിൽ, അക്ഷയ് ചിറ്റടിയിൽ രാജേഷ് കാർത്തിക, മിനി സാമുവൽ, എലിസബത്ത് എണ്ണശ്ശേരിൽ, ലേഖ ഹരി എന്നിവർ പ്രസംഗിച്ചു.