തിരുവനന്തപുരം: വ്യക്തിപരമായി ദീർഘകാലമായി എനിക്ക് ഏറ്റവും അടുപ്പുമുണ്ടായിരുന്ന, രാഷ്ട്രീയത്തിന് അതീതമായി ഏതു കാര്യവും പരസ്പര വിശ്വാസത്തോടെ തുറന്ന് സംസാരിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്ന സുഹൃത്താണ് നഷ്ടപ്പെട്ടത്. യെച്ചൂരിയുടെ അകാലത്തിലെ വേർപാട് ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ജനാധിപത്യ-മതേതര ശക്തികളിലുമുണ്ടായ തീരാനഷ്ടമാണ്. ഈ നഷ്ടം നികത്തുക അത്ര എളുപ്പമല്ല. രാജ്യത്തെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച് നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തെളിഞ്ഞുവരുമ്പോൾ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്താണ്. അന്ന് ഞാൻ മൻമോഹൻ സിങ് സർക്കാറിൽ പ്രതിരോധമന്ത്രിയായിരുന്നു.
ഒന്നാം യു.പി.എ സർക്കാർ രൂപവത്രിക്കുന്നതിനുവേണ്ടി ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ചും സി.പി.എമ്മും സി.പി.ഐയും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രധാന തീരുമാനമെടുക്കുമ്പോൾ അവരുടെ കൂടി അഭിപ്രായങ്ങൾ അറിയണമെന്ന് സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും ആഴ്ചകളിൽ പ്രണബ്മുഖർജിയുടെ വീട്ടിൽ പ്രധാന നേതാക്കൾ ഒരുമിച്ച് കൂടും. ചില സമയങ്ങളിൽ സോണിയ ഗാന്ധിയുടെ വീട്ടിലും. ആ യോഗത്തിൽ നിർബന്ധമായും പങ്കെടുത്തിരുന്ന നേതാക്കളായിരുന്നു യെച്ചൂരിയും പ്രകാശ് കാരാട്ടും.