തിരുവല്ല: ജീവിതം പുതുക്കപ്പെടുന്നത് ഹൃദയത്തിൽ ക്രിസ്തു ഉരുവാകുമ്പോഴാണെന്നും ക്രിസ്തു കേന്ദ്രീകൃതമാകുമ്പോൾ വ്യക്തിജീവിതവും അതിലൂടെ സമൂഹവും അനുഗ്രഹിക്കപ്പെടുമെന്നും ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 63-ാമത് ജനറൽ കൺവൻഷൻ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് എബ്രഹാം നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ബിഷപ്പ് ഡോ. എം. കെ. കോശി, വികാരി ജനറാൾമാരായ റവ. സി. കെ. ജേക്കബ്, റവ. ടി. കെ. തോമസ്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി. ടി. മാത്യു, റവ. മോൻസി വർഗീസ്, റവ. സജി ഏബ്രഹാം, റവ. കുര്യൻ സാം വർഗീസ്, റവ.പി.ജെ.സിബി , റവ. അനിഷ് തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.
സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷ നിർവഹിച്ചു. കൺവൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പാട്ടുപുസ്തകത്തിന്റെയും പുതിയ ഗാനങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെയും പ്രകാശനവും നടന്നു. ഇന്ന് രാവിലെ 7.30ന് ബൈബിൾ ക്ലാസ്, 9.30 ന് മധ്യസ്ഥ പ്രാർത്ഥന, രാവിലെ10നും ഉച്ചകഴിഞ്ഞ് 2 നും വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത യോഗം, വൈകിട്ട് 6.30ന് പൊതുയോഗത്തിൽ ഡോ.പോൾസൺ പുലിക്കോട്ടിൽ പ്രസംഗിക്കും. കൺവെൻഷൻ 28ന് സമാപിക്കും.