തലശേരി : അന്യസംസ്ഥാനത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ മറ്റൊരാളും ഉപദ്രവിച്ചു. കാറില്‍ ചാരി നിന്നതിന് കുട്ടിയെ യുവാവ് ആക്രമിക്കുന്നതിന് മുന്‍പാണ് മറ്റൊരാൾ കുട്ടിയെ ഉപദ്രവിച്ചത്. കാറിന് സമീപത്തു നിന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ. മുഹമ്മദ് ഷിഹാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്‌ഷനിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടർച്ചയായാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഒരാൾ കാറിനു സമീപം നിൽക്കുന്ന കുട്ടിയുടെ തലയിൽ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം സ്ഥലത്തെത്തുന്ന കാറിന്‍റെ ഉടമയായ ഷിഹാദ് കുട്ടിയുമായി തർക്കിക്കുന്നതും പിടിച്ചു തള്ളുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം അവിടെനിന്ന് പോയ ഷിഹാദ് തിരിച്ചെത്തിയാണ് കുട്ടിയെ ചവിട്ടിയത്.
കാറിൽ ചാരിനിന്നതിന്റെ പേരിൽ വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം പൊലീസ് ഷിഹാദിനെ വിട്ടയച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുയരുകയും ഇന്നലെ രാവിലെ ഷിഹാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നീർക്കെട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ സ്റ്റേഷനിനെത്തിയ ഷിഹാദിനെ അറസ്റ്റ് ചെയ്തു. നരഹത്യാ ശ്രമം, ബോധപൂർവം മുറിവേൽപിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ ചേർത്തിട്ടില്ല. പ്രതിയെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനിൽകാന്ത് അറിയിച്ചു.