റാന്നി : മഴ മാറി നിന്നിട്ടും പാതി തകർന്ന അത്തിക്കയം – കൊച്ചുപാലം പൊളിച്ചു പണിയുന്ന ജോലികൾ ആരംഭിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. കേരള പുനർ നിർമ്മാണ പദ്ധതി പ്രകാരം ടെൻണ്ടറിലുള്ള പാലം പൊളിച്ചു പണിയാൻ കരാറുകാരൻ തയാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നാൾക്കുനാൾ പാലം കൂടുതൽ അപകടാവസ്ഥയിലാകുകയാണ്. പാലത്തിന്റെ സംരക്ഷണഭിത്തിയും ഒരു വശത്തെ സമീപന റോഡും പകുതിയും ഒലിച്ചു പോയ അവസ്ഥയിലാണിപ്പോൾ. പാലം പൊളിഞ്ഞതിന് പിന്നാലെ നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് ഗതാഗതം ഭാഗികമായി തടഞ്ഞിരുന്നു. തുടർന്ന് റീബിൽഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെ ഗതാഗതം സാദ്ധ്യമല്ലെന്നും പൊളിച്ചു പണിയുക മാത്രമാണ് പോംവഴിയെന്നും രണ്ടാഴ്ചക്കകം നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഒന്നുമായില്ല.
2022 ഏപ്രിൽ 29ന് ഉദ്ഘാടനം ചെയ്ത പദ്ധതി നിർമ്മാണം തുടങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. മൂന്ന് വർഷം പിന്നിടുമ്പോഴെങ്കിലും എന്ന് നിർമ്മാണം പൂർത്തിയാക്കാം എന്നതിൽ അധികൃതർക്കും വ്യക്തതയില്ല. റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചു പണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം നിർമ്മാണം മുടങ്ങുകയായിരുന്നു. മറ്റു പദ്ധതികൾ നടപ്പിലാക്കിയ വകയിൽ സർക്കാർ കരാർ പ്രകാരമുള്ള ബിൽ തുക മാറി നൽകാത്തതാണ് കാറുകാരനെക്കൊണ്ട് ഇത്തരം പ്രവർത്തി നടത്താന്‍ പ്രേരിപ്പിക്കുന്നത്. രണ്ടാഴ്ചക്കകം കൊടുക്കാനുള്ള തുക കരാറുകാരന് ലഭ്യമാക്കുമെന്നും ഉടൻ പണികൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും റീ ബിൽഡ് കേരള പ്രതിനിധികൾ പറയുന്നു.