ചെന്നൈ : നടി നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.