കൊച്ചി: രാജ്യത്തെ ഭവനവായ്പാ വിപണിയിൽ ഉണർവിന്റെ സൂചനകൾ ദൃശ്യമാകുന്നു. സാമ്പത്തിക മേഖല വരും മാസങ്ങളിൽ മികച്ച വളർച്ച നേടുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ ഭവന, റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുതൽ പണമൊഴുക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും.
ഓഹരി, കമ്പോള വിപണികളിൽ ചരിത്രത്തിലേക്കും ഏറ്റവും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഒരു വർഷമായി സാക്ഷ്യം വഹിച്ചത്. ഇതോടെ വിപണിയിലെ പണലഭ്യതയും ഗണ്യമായി ഉയർന്നു. മുൻവർഷങ്ങളെക്കാൾ മികച്ച കാലവർഷം ഉത്തരേന്ത്യയിൽ ഇത്തവണ ലഭിച്ചതോടെ കാർഷിക ഉത്പാദന മേഖലയും വൻ ആവേശത്തിലാണ്.
ഗ്രാമീണ വിപണിയിൽ ഉപഭോഗം കുത്തനെ ഉയരാൻ കാർഷിക മേഖലയിലെ ഉത്പാദന വർധന സഹായിക്കുമെന്ന് ഡൽഹി ആസ്ഥാനമായ ധനകാര്യ ശാസ്ത്രജ്ഞൻ ഡോ. റെജി കെ. ജോസഫ് പറയുന്നു. നാല് വർഷത്തിന് ശേഷം ഭവന നിർമ്മാണ രംഗം വീണ്ടും സജീവമാകുന്നതിന്റെ സൂചന ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ പലിശ നിരക്കുകൾ താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിലെ പണലഭ്യത വർധിക്കുന്നത് ഭവന, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് കരുത്തു പകരുമെന്ന് കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഭവന നിർമാണ രംഗത്ത് കൂടുതൽ പണം ലഭ്യമാക്കണമെന്ന നിലപാടാണ് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലത്തിനുമുള്ളത്. സാമ്പത്തിക രംഗത്തെ ഉണർവിന്റെ ഗുണം ചെറു പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ലഭ്യമാകണമെങ്കിൽ ഭവന മേഖലയ്ക്കായി ഉദാരമായി വായ്പകൾ നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
ചെറുകിട ഭവന വായ്പാ രംഗത്ത് കിട്ടാക്കടങ്ങൾ വലിയ തോതിൽ ഉയരുന്നതിനാൽ ബാങ്കുകൾ കരുതലോടെയാണ് നീങ്ങുന്നത്. അതിനാൽ സർക്കാരിന്റെ കടുത്ത സമ്മർദമില്ലാതെ ഭവനവായ്പാ രംഗത്ത് മികച്ച വളർച്ചയുണ്ടാകാൻ സാധ്യതയില്ലെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് കെ. റിജാസ് പറയുന്നു.