കോഴിക്കോട്: ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സിമന്‍റ് പാളി വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ അടുക്കള ഭാഗത്ത് നില്‍ക്കുകയായിരുന്ന സുബൈദയുടെ ദേഹത്തേക്ക് പെട്ടെന്ന് സണ്‍ഷേഡ് പൊട്ടിവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഹംസ കോയയും മകനും മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ്.
ഇന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വരുന്ന ശനിയാഴ്ച കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലും അതിശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.