പത്തനംതിട്ട: അതിഭീമമായി വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് സതീഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവിൽ മുൻപിൽ കോർട്ടുഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി തേടി വരുന്നവരുടെ അവസാന ആശ്രയമാണ് കോടതികൾ. അവിടെ നീതിക്കുവേണ്ടി വരുന്ന സാധാരണ ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്നും ഈ വർദ്ധനവ് അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ അടുത്തഘട്ട സമരത്തിലേക്ക് പോകേണ്ടി വരുമെന്നും എസ് സതീഷ് പറഞ്ഞു.
കെ.എ.സി.എ പത്തനംതിട്ട യൂണിറ്റ് പ്രസിഡണ്ട് മധു ടി ജി അധ്യക്ഷത വഹിച്ചു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുനിൽ എസ് ലാൽ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. റ്റി.എച്ച് സിറാജുദ്ദീൻ, അഡ്വ.അനിൽ പി നായർ, അഡ്വ. റോബിൻസൺ, ജില്ലാ പ്രസിഡന്റ് ആർ സുരേഷ്, സെക്രട്ടറി രതീഷ് വി നായർ, ശുഭകുമാരി, വിനീത് ടി കെ, രതീഷ് എൻ എന്നിവർ സംസാരിച്ചു.