കോന്നി : കോന്നി ചെങ്കുളം പാറമടയുടെ അനധികൃത പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിൽ സ്വകാര്യ വ്യക്തി പരാതി നൽകി. അതുമ്പുംകുളം തെക്കേചരുവിൽ വീട്ടിൽ റ്റി ജെ ഫിലിപ് ആണ് പരാതി നൽകിയത്. ക്വാറിയുടെ പ്രവർത്തനം മൂലം കാർമല ചേരിക്കൽ ഭാഗത്ത് ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്കുളം പാറമട അളവിൽ കൂടുതൽ പാറ ഖനനം നടത്തുന്നത് മൂലം നിലവിൽ വീടുകൾക്ക് വിള്ളൽ വീഴുകയും സംരക്ഷണ ഭിത്തി ഇടിഞ്ഞു പോവുകയും ചെയ്യുന്നുണ്ട്. പാറമടയുടെ അനധികൃത പ്രവർത്തനം മൂലം പാറമട അവശിഷ്ടങ്ങൾ സമീപത്തെ കിണറുകളിലേക്കും ഒഴുകി ഇറങ്ങുന്നുണ്ട്. ക്വാറിയുടെ സമീപത്ത് കൂടി ഉള്ള തോട് വഴിയാണ് പാറയുടെ മാലിന്യങ്ങൾ ഒഴുക്കി വിടുന്നത്. ഇതിനാൽ തന്നെ സമീപത്തെ കിണറുകൾ എല്ലാം തന്നെ മാലിനമായി കൊണ്ടിരിക്കുന്നു.
കൃഷി ആവശ്യങ്ങൾക്ക് പോലും ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. പ്രദേശത്തെ ആളുകൾ ഈ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ വെള്ളത്തിൽ വെടിമരുന്നിന്റെ അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ അനുവദിച്ച ഭൂമിയിൽ കൂടുതൽ ആണ് നിലവിൽ ഖനനം നടത്തുന്നത് എന്നാണ് നാട്ടുകാരുടെ സംശയം. ഈ പ്രദേശത്ത് മുൻപ് താമസിച്ചിരുന്നവർ പഞ്ചായത്തിന് വിട്ടുകൊടുത്ത ഭൂമിയിലൂടെ ആണ് നിലവിലുള്ള കൊന്നപ്പാറ കാർമ്മല ചേരിക്കൽ റോഡ്. 1600 മീറ്റർ നീളമാണ് റോഡിന് ഉള്ളത്. നിലവിൽ 800 മീറ്റർ വെച്ച് പാറമട ഉടമ ഇവിടെ ഗേറ്റ് സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമം ലംഖനമാണെന്നും ഈ ഭൂമി തിരികെ പിടിച്ച് പൊതു ജനങ്ങൾക്ക് വിട്ടു നൽകണം എന്നും പരാതിയിൽ പറയുന്നു. അനുകൂല നടപടി സ്വീകരിക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.