പത്തനംതിട്ട : കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 43 കോടി രൂപാ മുടക്കി നിര്‍മ്മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് അനധികൃതമായി ഇടപെട്ട് അലൈന്‍മെന്റ് മാറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും യഥാര്‍ത്ഥ അലൈന്‍മെന്റ് പുന:സ്ഥാപിക്കുകയും ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭര്‍ത്താവിന്റെ നടപടി അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമാണെന്നും ഇതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉള്ളതിനെക്കുറിച്ചും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്ഥലം എം.എല്‍.എ ആയ ഡെപ്യൂട്ടി സ്പീക്കറും, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മന്ത്രിയുടെ ഭര്‍ത്താവിനുവേണ്ടി റോഡിന്റെ അലൈന്‍മെന്റ് മാറ്റിയ സംഭവം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ അറിവോടുകൂടി ഭര്‍ത്താവ് നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇത്തരം അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ധാര്‍ഷ്ട്യവുമാണ് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സി.പി.എമ്മിന് വന്‍ പരാജയമേറ്റുവാങ്ങാന്‍ പ്രധാനകാരണമായതെന്നും അദ്ദേഹം പറഞ്ഞു.
റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, കിഫ്ബി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിനു വിരുദ്ധമായി മന്ത്രിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള കെട്ടിടം സംരക്ഷിക്കുന്നതിനായി കിഫ്ബി, പൊതുമരാമത്ത് വകുപ്പ് അധികൃതരെ സ്വാധീനിച്ച് 12 മീറ്ററായി നിശ്ചയിച്ചിരുന്ന റോഡിന്റെ വീതി കുറപ്പിച്ച നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം ശക്തമായി തുടരുമെന്നും വേണ്ടി വന്നാല്‍ സമരം ഡി.സി.സി ഏറ്റെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ സന്ദര്‍ശനത്തോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിര്‍ത്തിവെച്ചിരുന്ന പണി പുനരാരംഭിച്ച നടപടി മന്ത്രിയെ സഹായിക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തിന്റെ ഉദാഹരണമാണ്. മന്ത്രിയുടെ വകുപ്പ് ഭരിക്കുന്നത് ഭര്‍ത്താവാണെന്ന് വ്യാപകമായി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ വീതി കുറയ്ക്കാനും അലൈന്‍മെന്റ് മാറ്റുവാനും നടത്തിയ ശ്രമം വിശ്വാസ്യ യോഗ്യമായ സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.