അമേരിക്ക: പത്ത് വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്നവർ ഉപരോധത്തിൻ്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനും ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. കരാറുമായി മുന്നോട്ടുപോകാനും ഇറാനുമായുള്ള വിദേശ നയങ്ങൾ തുടരാനും ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം, ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും.
ഇറാനുമായി കരാറിൽ ഏർപ്പെടുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം വരാൻ സാധ്യതയുണ്ട്. ഇറാനുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്ന ആരും സ്വയം തുറക്കുന്ന അപകട സാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. ഇസ്രായേലിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞമാസം ഇറാനുമേൽ യു.എസ് കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.