കൊൽക്കത്ത: പിജി ഡോക്ടർ അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) വിട്ട് കൊൽക്കത്ത ഹെെക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ സിബിഐയ്ക്ക് കെെമാറണമെന്ന് കോടതി നിർദേശിച്ചു.കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ നിരവധി പേർ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാജിവച്ച ശേഷം മറ്റൊരു കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു.
കേസിൽ കോളേജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയം നഷ്ടപ്പെടുത്താൻ ആകില്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു.കേസിൽ സർക്കാരിനെതിരെയും കോടതി കടുത്ത വിമർശനം നടത്തി. സംഭവത്തിൽ എന്തുകൊണ്ട് ആദ്യം കൊലപാതക കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.