കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി. നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. വസ്തുതകളിൽ യാതൊരു മാറ്റവും വരാതിരിക്കെ അഭിഭാഷകനെ മാറ്റിയതും നിലപാട് മാറ്റിയതും ചില സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രമാണെന്ന് KUTC വിമർശിച്ചു.
പ്രിയ വർഗീസിനെതിരെ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണെന്ന കാര്യം മാത്രമാണുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിന്റെ നിയമനത്തിൽ വീഴ്ചയുണ്ടെന്ന പുതിയ സത്യവാങ്മൂലം കണ്ണൂർ സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചത്. സർവകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ നിലപാട് കേസില്‍ നിര്‍ണായകമാണ്






























