കോട്ടാങ്ങല്‍: മകരമാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. കാച്ചി എടുത്ത തപ്പിന്റെ ആസുരിക താളത്തിൽ വട്ടമിണക്ക് കൊട്ടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പഞ്ച കോലങ്ങൾ കളത്തിൽ എത്തി. ഇന്നലെ രാത്രി 11 നു ആരംഭിച്ച പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിച്ചു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെ ഉള്ള പടയണി അവതരണം ആണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്.
ഗണപതി കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി, തുള്ളി ഉറഞ്ഞു എഴുന്നള്ളുന്നത് കാണികളിൽ അവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതി കോലത്തിനു ഉള്ള “കാപ്പൊലി ” കരക്കാരിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. കരക്കാർ ഇരുവശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണു കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ട് ഉള്ള അവതരണം ആണ് ഗണപതി കോലത്തിന്റെ പ്രത്യേകത. ഫെഫ്രുവരി 1,2 തീയതികളില്‍ അടവി, പള്ളിപ്പാന എന്നിവ നടക്കും. 3,4 തീയതികളില്‍ വലിയ പടയണിയും നടക്കും.