തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി. പ്രകടന പത്രിക തയാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും.
നവംബര്‍ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി. ഡിസംബര്‍ ആദ്യവാരമാകും തെരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് ഇടതു മുന്നണി. ദിവസങ്ങള്‍ക്കുള്ളില്‍ സീറ്റുവിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് നിര്‍ദ്ദേശം. വിജയസാധ്യതയാകണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമെന്ന നിര്‍ദേശം മുന്നണി നേതൃത്വം നല്‍കിക്കഴിഞ്ഞു. മുന്നണിയില്‍ പുതുതായി വന്ന ജോസ് കെ. മാണി വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കും.
ജോസ് കെ. മാണി വിഭാഗത്തിനും തദ്ദേശഭരണ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കരുത്തുകാട്ടാന്‍ കിട്ടിയ അവസരമായാകും പാര്‍ട്ടി നേതൃത്വം തദേശ തെരഞ്ഞെടുപ്പിനെ കാണുക. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചര്‍ച്ച ചെയ്യും.