പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. തീയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണപാനീയങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും ക്രമക്കേട് നടക്കുന്നതായി സംസ്ഥാന വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. പത്തനംതിട്ട നഗരത്തിലെ ട്രിനിറ്റി തിയേറ്റര്‍ കോംപ്ലക്‌സ്, ധന്യ – രമ്യ തീയേറ്റര്‍ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ധന്യ – രമ്യ തീയേറ്ററില്‍ പോപ്‌കോണ്‍, കാപ്പി എന്നിവ അളവില്‍ കുറച്ച് വില്‍പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ട്രിനിറ്റി തീയേറ്ററില്‍ വില നിലവാര ബോര്‍ഡ് സ്ഥാപിക്കാത്തതിനും നോട്ടീസ് നല്‍കി. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം.അബ്ദുള്‍ ഹഫീസ്, കെ.ആര്‍.വിപിന്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.എം.സനോജ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.അഭിലാഷ്, ടിഷ തോമസ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് ആര്‍.എം.അഭിരാജ്, കെ.ജി.മനോജ് കുമാര്‍, സൈമണ്‍ ചാക്കോ, അഭിജിത് രാജന്‍ എന്നിവരും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. പരിശോധന കര്‍ശനമായി തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.































