മുംബൈ: ധാരാവി ചേരി പുനർനിർമാണത്തിന്റെ മറവിൽ ചേരിനിവാസികളെ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. 50,000 മുതൽ ഒരു ലക്ഷം വരെയാണ് ധാരാവിയിലെ ജനസംഖ്യ. അവരെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ ഒരു ദിവസം മുമ്പാണ് മഹാരാഷ്ട്ര സർക്കാർ ഈ തീരുമാനമെടുത്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2021ലെ ഗൈഡ്‌ലൈൻ പ്രകാരം പ്രവർത്തനം അവസാനിപ്പിച്ച മാലിന്യസംഭരണ മേഖലയിൽ ആശുപത്രികളോ വീടുകളോ സ്‌കൂളുകളോ നിർമിക്കാൻ പാടില്ല.
ഈ ഭൂമിയുടെ അതിർത്തിയിൽ നിന്ന് 100 മീറ്റർ വിട്ട് മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്നും ഗൈഡ്‌ലൈനിൽ പറയുന്നുണ്ട്. എന്നാൽ ദേവ്‌നാർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന മാലിന്യസംഭരണ കേന്ദ്രമാണ്. വിഷവാതകങ്ങൾ പുറംതള്ളാനും മാലിന്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഭൂഗർഭ ജലത്തിലും മണ്ണിലും കലരാനും സാധ്യതയുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 2024ൽ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദേവ്‌നാറിൽ ഓരോ മണിക്കൂറിലും 6,202 കിലോ മീഥെയിൻ ആണ് പുറംതള്ളപ്പെടുന്നത്. ഇന്ത്യയിലെ 22 മീഥെയിൻ ഹോട്ട് സ്‌പോട്ടുകളിൽ ഒന്നാണ് ദേവ്‌നാർ. ഇത്രയും അപകടകരമായ സ്ഥലത്തേക്ക് ധാരാവി ചേരി നിവാസികളെ തള്ളിവിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണ് എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.