തിരുവനന്തപുരം: ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ 500 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ചിറയിന്‍കീഴ് മുട്ടപ്പാലം സ്വദേശി ജയചന്ദ്രന്‍ നായരാണ് പിടിയിലായത്. എക്‌സൈസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് കടത്തിയതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുകയാണ് എക്‌സൈസ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആറ്റിങ്ങല്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയത്. ലോറിയിലെ കണ്ടെയ്‌നറില്‍ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറിയില്‍ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിംഗ്, ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇരുവരും കാരിയര്‍മാര്‍ മാത്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് കഞ്ചാവ് അയച്ചവരിലേക്കും കേരളത്തില്‍ ഇത് കൈപ്പറ്റുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.