മലപ്പുറം : അങ്ങാടിപ്പുറം തളി കവലയിലുള്ള ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ വ്യാഴാഴ്ച രാവിലെ കയറിയ മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ കൈക്കലാക്കിയത് ചില്ലറ സാധനമല്ല. ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ള സാനിറ്റൈസര്‍.
കൗണ്ടറില്‍ കടന്ന ഉടനെ അവിടെയുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി കൈകഴുകിയശേഷം സാനിറ്റൈസര്‍ കീശയിലിട്ടു. തുടര്‍ന്ന് അവിടെയുള്ള മാലിന്യപ്പെട്ടിയില്‍ പല തവണയും മോണിറ്ററിന് മുന്നില്‍ ഒരു തവണയും തുപ്പുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
കൗണ്ടറില്‍നിന്ന് പണമൊന്നും പിന്‍വലിച്ചിട്ടില്ല. എ.ടി.എം. സെന്ററിലെ സാനിറ്റൈസര്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ സി.സി.ടി.വി. ക്യാമറ പരിശോധിക്കുമ്പോഴാണ് മൂന്ന് -നാല് മിനുട്ട് ചെലവഴിച്ച മോഷ്ടാവിന്റെ ചെയ്തികള്‍ കണ്ടത്.
ഉടന്‍ പെരിന്തല്‍മണ്ണ പോലീസില്‍ അറിയിച്ചു. പോലീസ് എത്തി പരിശോധിക്കുകയുംചെയ്തു. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇയാള്‍ എ.ടി.എം. കൗണ്ടറില്‍ കയറിയത്. തുടര്‍ന്ന് സെന്റര്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ അഗ്‌നിശമന സേനാംഗങ്ങള്‍ എ.ടി.എം. കൗണ്ടറും ബാങ്കും പരിസരവും അണുനശീകരണം നടത്തി ശുചീകരിച്ചു. പെരിന്തല്‍മണ്ണ പോലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.