പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി നിയന്ത്രണവും വൈദ്യുതി മുടക്കവും നേരിടുന്ന സാഹചര്യത്തിൽ കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുതി പദ്ധതി അടിയന്തിരമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിക്കുകയും ഇതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ കത്തിടപാടുകൾ നടക്കുകയും ചെയ്തിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിലുണ്ടായ കാലതാമസം ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. ഇപ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പുതിയ തീരുമാനമുണ്ടാകണം.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി പരമാവധി പ്രയോജനപ്പെടുത്തേണ്ട സമയമാണിത്. അതിനാൽ മണിയാർ പദ്ധതി സ്വകാര്യ നിയന്ത്രണത്തിൽ തുടരുന്നതിനുപകരം പൊതുമേഖലയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നേരിട്ട് നിവേദനം സമർപ്പിച്ച് മണിയാർ പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു. പദ്ധതിയുടെ കരാർ കാലാവധി, കാലാവധി കഴിഞ്ഞ ശേഷമുള്ള നടപടികൾ, കമ്പനിക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ, പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിലുണ്ടായ കാലതാമസം എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസമ്പത്തായ ജലവിഭവം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മണിയാർ പദ്ധതി വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് കൂടുതൽ പ്രയോജനകരമാണ്. ജനങ്ങൾക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമ്പോൾ ലഭ്യമായ വൈദ്യുതി ഉൽപ്പാദന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടാകരുത്. മുൻ സർക്കാരിന്റെ കാലത്തുണ്ടായ നടപടികളും ഇപ്പോഴത്തെ സാഹചര്യവും സമഗ്രമായി പരിശോധിച്ച് മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ അടിയന്തിരമായി നീക്കി സർക്കാർ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.
































