കൊച്ചി : ചില മാധ്യമങ്ങൾ തന്‍റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ നടത്തുന്നതായി നടി പ്രയാഗ മാർട്ടിൻ. മാധ്യമങ്ങളുടെ അശ്രദ്ധയാലോ അല്ലാതെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നതായും നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. അസത്യപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും പ്രയാഗ കുറിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പ്രിയപ്പെട്ടവർ വിശ്വസിക്കരുതെന്ന് പറഞ്ഞ അവർ പിന്തുണയും അഭ്യർത്ഥിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം: ചില മാധ്യമങ്ങൾ എന്‍റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവുമായ ചില ആരോപണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ, മാധ്യമങ്ങളുടെ അശ്രദ്ധയാലോ അറിവോടെയോ അല്ലാതെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്‌തുതാപരമായി അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ എന്നെ ദോഷകാരമായി ബാധിക്കുന്ന വ്യാജവാർത്തകൾ ഉത്തരവാദിത്തമില്ലാതെ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയും മാന്യതയില്ലായ്മയുമാണ്.
ഇത് തികച്ചും ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുകയേ ഉള്ളൂ. എന്നെപ്പറ്റി ഒരു ഉത്തരവാദിത്തവുമില്ലാതെ അനിയന്ത്രിതമായി അസത്യപ്രചാരണങ്ങൾ നടത്തുന്നത് ഇനിയും അവഗണിക്കാൻ കഴിയില്ല. എന്റെ പ്രഫഷണൽ ജീവിതത്തിലുടനീളം, മാന്യതയും ഉത്തരവാദിത്വവും സത്യസന്ധതയും പുലർത്തുന്നതിൽ ഞാൻ ശ്രദ്ധചെലുത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും ഇതുവരെയുള്ള സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. അസത്യപ്രചാരണങ്ങൾക്കെതിരെ ഞാൻ മുന്നോട്ട് പോവുകയാണ്. പ്രയാഗ റോസ് മാർട്ടിൻ.”