തിരുവനന്തപുരം : നുണകൾ വിശ്വസിപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ് മാധ്യമങ്ങളുടേതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ.യുടെ യുവധാര പ്രസിദ്ധീകരണത്തിന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില മാധ്യമങ്ങൾ വിഷമായി മാറിയിരിക്കുന്നു. ഇവരുടെ വാർത്ത മതി മരിക്കാൻ, വേറെ വിഷം വേണ്ട. ഇടതുമുന്നണി അധികാരത്തിൽ വരുന്നത് തടയാനും വന്നാൽ പുറത്താക്കാനും എക്കാലത്തും മാധ്യമങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ഏതൊക്കെരീതിയിൽ ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് സമീപ ദിവസങ്ങളിലെ സംഭവങ്ങൾ. മൊഴികളെന്നപേരിൽ പലതും പ്രചരിപ്പിക്കും. പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി. രാഷ്ട്രീയമായി ഇടപെടുന്നെന്ന് ദേശീയമായി കോൺഗ്രസ് പറഞ്ഞതാണ്. കേരളത്തിലെ കേസുകളെ മഹത്വവത്‌കരിക്കുകയും കൂടെനിൽക്കുകയും ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞിനും ലീഗ് നേതാക്കൾക്കുമെതിരായ ഇ.ഡി. കേസ് മാധ്യമങ്ങൾക്ക് വാർത്തയല്ല. പ്രതിപക്ഷനേതാവിന് ഒരുകോടി കോഴ നൽകിയെന്ന വെളിപ്പെടുത്തലും ചർച്ചയല്ല. എന്നാൽ മറ്റുചില പ്രശ്‌നങ്ങളുന്നയിച്ച് സർക്കാരിനെതിരേ ജനമനസ്സ് ഇളക്കിവിടാനാണു നോക്കുന്നത്- അദ്ദേഹം പറഞ്ഞു.
അസത്യപ്രചാരണം നടത്തി ജനങ്ങളെ സ്വാധീനിക്കാനാണ് കോൺഗ്രസും ബി.ജെ.പി.യും നടക്കുന്നത്. ഇതിനെ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് തുറന്നുകാണിക്കാനാകണം. സഭ്യമായ ഭാഷ ഉപയോഗിച്ചും വ്യക്തിഹത്യ നടത്താതെയുമാകണം സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കേണ്ടത്. ഇതിന് എല്ലാ ആധുനികസംവിധാനങ്ങളും സ്വായത്തമാക്കണമെന്നും കോടിയേരി പറഞ്ഞു.