റാന്നി : റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിൽ കുട്ടികള്‍ക്ക് വിവിധ മേഖലകളിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ അവസരം നല്‍കുന്ന മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് നാളെ (20) തുടക്കമാകും. വൈകുന്നേരം അഞ്ചിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും.
ചടങ്ങില്‍ 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ റാന്നി നിയോജക മണ്ഡലത്തിലെ കുട്ടികളെ അനുമോദിക്കും. ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചും, സംവാദങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചും ഈ കോവിഡ് കാലത്തും കുട്ടികളുടെ വിദ്യാഭ്യാസം മികച്ചതാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. നോളജ് വില്ലേജിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി അവരുടെ തുടര്‍ പഠനത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത് ലക്ഷ്യമിട്ടാണ് മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, കൃഷി, തുടങ്ങി എല്ലാ മേഖലയിലെയും ഏറ്റവും മികച്ച വ്യക്തികളാകും കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനെത്തുക. നിയോജക മണ്ഡലത്തിലെ നഴ്സറി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് വരെ പ്രയോജനപ്പെടുന്ന വിധമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഉദ്ഘാടനവും മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമും നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും പങ്കെടുത്തക്ക വിധമാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. എംഎല്‍എയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കൂടി പ്രോഗ്രാം തത്സമയ സംപ്രേഷണം ഉണ്ടാകും.