നിങ്ങളുടെ മണ്ണിന്റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും തൊട്ടറിയാനുള്ള സംവിധാനമൊരുക്കുകയാണ് ‘മണ്ണ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. കൃഷിവകുപ്പും മണ്ണ് പര്യവേഷണ – സംരക്ഷണ വകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്.
പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുക്കണം, കാത്തിരിക്കണം, ഇനിയത് വേണ്ട. പ്ലേ സ്റ്റോറില്‍ പോയി ‘മണ്ണ്’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ജിപിഎസ് ഓണാക്കുക. നിങ്ങള്‍ നില്‍ക്കുന്നയിടത്തെ മണ്ണിലുള്ള മൂലകങ്ങളും പോഷകനിലയും പ്രത്യേകതകളുമെല്ലാം ഇനി വിരല്‍തുമ്പിലെത്തും. വിളകളുടെ ലിസ്റ്റും ആവശ്യമായ ജൈവ വളത്തിന്റെയും രാസ വളത്തിന്റെയും ചേര്‍ക്കേണ്ട അളവും ആപ്പില്‍ ഉണ്ട്.
കാപ്പി, നെല്ല് തുടങ്ങി 21 വിളകളും ആപ്പില്‍ ലഭ്യമാണ്. മണ്ണ് പര്യവേഷണകേന്ദ്രം 2015 മുതല്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് കേരളയാണ് ആപ്പ് തയ്യാറാക്കിയത്. മലയാളത്തില്‍കൂടി ലഭ്യമാകുന്നത് കര്‍ഷകന് ഉപകാരപ്രദമാകും. സവിശേഷതകള്‍ ഉള്‍പ്പെടുത്തി അടുത്ത അപ്ഡേഷന്‍ ഉടനുണ്ടാകും.