പത്തനംതിട്ട : അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ നിലവിലുള്ള ശബരിമലയിൽ പുതിയ കുളം കുഴിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്നും ഇത് രൂക്ഷമായ പരിസ്ഥിതി ആഘാതത്തിന് വഴി തെളിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഹരിദാസ് കടമ്മനിട്ട. നിരവധി സുരക്ഷാ ഭീഷണി നിലവിലുള്ള സന്നിധാനത്ത് കുളം നിർമ്മിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. പുതിയ കുളം നിർമ്മാണം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആദ്യം എതിർത്തിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അധികൃതർ എതിർപ്പ് പിൻവലിച്ചു.
കോടതിക്കും പദ്ധതിയോട് യോജിപ്പുണ്ടായിരുന്നില്ല. ഹൈപവർ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സന്നിധാനത്ത് മറ്റൊരു കുളം വേണമെന്ന് അയ്യപ്പ ഭക്തരോ ഹിന്ദു സംഘടനകളൊ ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഭക്തർക്ക് അവശ്യം വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ മാത്രം ദേവസ്വം ബോർഡിന്റെ പക്കൽ പണമില്ല. ഇതിനായി സ്‌പോൺസർമാരെ കണ്ടെത്താനും തയാറല്ല. അവശ്യം വേണ്ട ശൗചാലയ സംവിധാനങ്ങളും കുടിവെള്ള പദ്ധതികളും നടപ്പാക്കാനാണ് ബോർഡ് ശ്രമിക്കേണ്ടതെന്നും ഹരിദാസ് പറഞ്ഞു.