പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ ജനവാസകേന്ദ്രമായ 14-ാം വാര്‍ഡിലെ ചേറാടി കോളനിക്ക് സമീപം മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിക്കുവാനുള്ള ഗ്രാമപഞ്ചായത്തിന്‍റെ നീക്കം ജനദ്രോഹവും പ്രദേശവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ചേറാടിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മ്മാണ നീക്കത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി വസ്തു വിലക്ക് വാങ്ങല്‍ പദ്ധതി പ്രകാരം പതിനൊന്നുലക്ഷത്തി നാല്‍പ്പതിനായിരം രൂപ മുടക്കി 14-ാം വാര്‍ഡ് ചേറാടിയിലെ കോളനിക്ക് സമീപം വാങ്ങിയ 20 സെന്‍റ് സ്ഥലത്ത് സ്കൂള്‍ നിര്‍മ്മാണം നടത്താതെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനുവേണ്ടി സംഭരണ കേന്ദ്രം നിര്‍മ്മിക്കുവാന്‍ നടത്തുന്ന ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ ഉള്‍പ്പെടെ ജനവാസ കേന്ദ്രമല്ലാത്ത പല സ്ഥലങ്ങളും പഞ്ചായത്തിന് ലഭ്യമാക്കാവുന്ന സാഹചര്യത്തില്‍ ജനനിബിഡമായ ചേറാടി കോളനിയില്‍ മാലിന്യ സംഭരണ പ്ലാന്‍റ് സ്ഥാപിക്കുവാനുള്ള നീക്കത്തില്‍ നിന്ന് പഞ്ചായത്ത് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍മ്മാണ നീക്കത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രദേശത്തുനിന്നും കരാറുകാരന്‍ അനധികൃതമായി പാറ ഘനനം നടത്തി കടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ദിലീപ്കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി എം.വി ഫിലിപ്പ്, ഡി.സി.സി നിര്‍വാഹക സമിതി അംഗം അബ്ദുള്‍കലാം ആസാദ്, നേതാക്കളായ അനില്‍ ശാസ്ത്രംമണ്ണില്‍, സണ്ണി കണ്ണംമണ്ണില്‍, അനില്‍ പി. വാഴുവേലില്‍, ആശാകുമാരി പെരുമ്പ്രാല്‍, എലിസബത്ത് രാജു, ബിന്ദു ജോര്‍ജ്ജ്, ബിജി ലാല്‍ ആലുനില്‍ക്കുന്നതില്‍, ശശിധരന്‍ നായര്‍ പാറയരുകില്‍, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, ഗോപന്‍ തഴനാട്ട്, സ്റ്റീഫന്‍ ചേറാടി, ജോളി കാലായില്‍, അലക്സാണ്ടര്‍ മാത്യു, സുനോജ് മലയാലപ്പുഴ, ഗോപാലകൃഷ്ണന്‍ നായര്‍ ആശാഭവന്‍, ഷിജു ചേറാടി, സജി ചേറാടി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.