റാന്നി : റാന്നി പെരുമ്പുഴ ടൗണിൽ യാത്രക്കാർക്ക് നേരെയുള്ള ചെളിയഭിഷേകം രണ്ടു മാസമായി തുടരുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാർക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. റോഡിൻ്റെ വശങ്ങളിൽ വീതി കൂട്ടുവാൻ, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതിനൊപ്പം പൈപ്പ് തകർന്ന് ചെളിവെള്ളം റോഡിൽ കൂടി ഒഴുകുന്നത്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് തെറിച്ച് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
വികസനത്തിൻ്റെ മറവിൽ കോടികൾ കൊയ്യുന്ന കരാർ കമ്പനി തോന്നിയ പോലെ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ദുരിതം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങൾ ആണെന്നും ആരോപണം ഉയരുന്നുണ്ട്. റാന്നി പെരുമ്പുഴ മുതൽ ബ്ലോക്കുപടി വരെയാണ് ഇപ്പോൾ പണികൾ നടക്കുന്നത്. റോഡു പണിയുന്നതിന് മുൻപ് യാത്രക്കാർക്കും വാഹനങ്ങള്‍ക്കും തടസ്സം ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് പ്രധാന പ്രശ്നം.
പെരുമ്പുഴ ജംഗ്ഷൻ മുതൽ ബ്ലോക്കുപടി വരെ സമാന്തര റോഡ് പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്തു കിടക്കുമ്പോഴാണ് റോഡുപണികൾക്കിടയിലൂടെ, വാഹന ങ്ങൾ കടത്തിവിട്ട് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്. പെരുമ്പുഴയിൽ റോഡിൻ്റെ പണികൾ തുടങ്ങിയപ്പോൾ മുതൽ വലിയ വാഹനങ്ങൾ ഒഴിച്ച്, കാറുകളും, ഇരുചക്രവാഹനങ്ങളും ഈ റോഡിൽ തിരിച്ചുവിട്ടുരുന്നെങ്കിൽ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടായിരുന്നു.