തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയൊരു വകഭേദം ഡെൽറ്റയുടെ സാന്നിധ്യം വീണ്ടും ആശങ്ക പരത്തുന്നത്. മാർച്ചിൽ ആകെ ഒരു ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീടത് 75 ശതമാനത്തിനു മുകളിലേക്കു പോകുകയായിരുന്നു. ഇതാണ് കോവിഡിന്റെ അതിവ്യാപനത്തിനും ഇത്രയധികം മരണങ്ങൾക്കുമെല്ലാം കാരണമായത്.
ഡെൽറ്റയിൽ രൂപമാറ്റം വന്നതാണ് ഡെൽറ്റ പ്ലസ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മൂന്നു കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട് രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകയിലായിരുന്നു ഡെൽറ്റ പ്ലസ് സാനിധ്യം സ്ഥിരീകരിച്ചത്.
ഇവർ മൂന്നു പേരും രോഗത്തിൽ നിന്നു മുക്തി നേടിയിട്ടുണ്ടെങ്കിലും ഇതു സമൂഹത്തിലേക്കു പടർന്നിരിക്കുവാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുൻകൂട്ടി കാണുന്നുണ്ട്. വാക്സീനുകളെ മറികടക്കാനുള്ള ശേഷി ഡെൽറ്റ പ്ലസിനുണ്ടെന്ന പഠനങ്ങളെ സാധൂകരിക്കുന്നതാണ് ആരോഗ്യപ്രവർത്തകയിൽ ഇതിന്റെ സാനിധ്യം സ്ഥിരീകരിച്ചത്.
എന്നാൽ ഇത് ഡെൽറ്റയെക്കാൾ മാരകമായിരിക്കുമെന്നോ അല്ലെങ്കിൽ അത്രത്തോളം ഉണ്ടാകില്ലെന്നോ ഇപ്പോൾ അറിയാൻ സാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സാധാരണ കോവിഡ് ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ഡെൽറ്റ പ്ലസ് അഥവാ എ വൈ 1 എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം നിലവിൽ ആശങ്ക ഉയർത്തുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ പ്രതിരോധം ശക്തമാക്കാന്‍ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്. കോവിഡ് ബാധിതനായ ആളിനടുത്തുകൂടി മാസ്ക്കില്ലാതെ വെറുതെ നടന്നാൽ പോലും ഇത് ചിലപ്പോൾ പടർന്നുപിടിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആൽഫ വൈറസിനെ അപേക്ഷിച്ച് പടർന്നുപിടിക്കാനുള്ള ഡെൽറ്റയുടെ വ്യാപനശേഷി 100 മടങ്ങാണ്. അതിനാൽ അടുത്ത 6–8 ആഴ്ചകൾ ഏറെ നിർണായകമാണ്.