തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുറയുമ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ വർധന തുടരുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ റിപ്പോർട്ട് പ്രകാരം വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം 1517 ആയും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 4027 ആയും ഉയർന്നു.
ഇന്നലെ 29,803 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 20.84%. മരണം ഇന്നലെ കുറഞ്ഞു– 177. ഇതോടെ ആകെ മരണം 7731 ആയി. തിങ്കളാഴ്ച 196 മരണമാണ് സ്ഥിരീകരിച്ചത്.