ഡൽഹി: അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തരായവർ അഴിമതി നടത്തിയാൽ അത് ആരും ചോദ്യം ചെയ്യില്ലെന്ന ആക്ഷേപത്തിനാണ് അവസാനമായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ന് ശേഷം ഈ രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. 2014ന് മുൻപ് പല വീടുകളിലും അഴിമതിയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. പക്ഷെ അന്നത്തെ സർക്കാർ ജനങ്ങൾക്ക് മുന്നിൽ തെറ്റായ വാദങ്ങൾ നിരത്തി അവർ നടത്തിയ അഴിമതികളെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇന്ന് ആ സാഹചര്യമെല്ലാം മാറിയിരിക്കുകയാണ്. ഈ സർക്കാർ അഴിമതിക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
കൃത്യമായ തെളിവുകൾ ശേഖരിച്ചാണ് അഴിമതിക്കാരെ കുടുക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതി നടത്തുന്നവരെല്ലാം പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡിയും സിബിഐയും പോലെയുള്ള അന്വേഷണ ഏജൻസികൾ എന്തിന് വേണ്ടിയാണെന്നാണ് നേരത്തെ ഈ രാജ്യത്തെ ജനങ്ങൾ ചോദിച്ചത്. എന്നാൽ അഴിമതിക്കാർക്കെതിരെ നടപടി എടുക്കാൻ തുടങ്ങിയതോടെ പലരും ഭയത്തിലാണ്. എന്തിനാണ് ഏജൻസികൾ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.