റാന്നി: വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ഈ മാസം ഇരുപത്തിയേഴിന് രാവിലെ 9 മുതൽ റാന്നി സെന്റ് തോമസ് കോളേജിൽ സംഘടിപ്പിക്കുന്ന “ജോബ്സിയ” ജോബ് ഫെയറിന്റെ സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. 2026 ഓടെ 26 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരള നോളേഡ്ജ് ഇക്കണോമി മിഷൻ രൂപീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ 50, 000 ത്തിൽ പരം തൊഴിൽ അന്വേഷകരാണ് കേരള നോളജ് എക്കോണമി മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് അർഹതപ്പെട്ട ജോലി നൽകുന്നതിനും കൂടുതൽ തൊഴിൽ അന്വേഷകരെ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യിച്ച് ജോലി നൽകുന്നതിനുമാണ് ഉദ്ദേശം.
ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആണ് പത്തനംതിട്ടയിൽ നടപ്പാക്കുന്ന വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ പദ്ധതി. കെ ഡിസ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 ഓളം കമ്പനികൾ ആണ് 27 ആം തീയതിയിലെ ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. ഇതേ വരെ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സംഘാടക സമിതി ഭാരവാഹികളായി അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ (ചെയർമാൻ ), രാജു എബ്രഹാം, ഏ പത്മകുമാർ, പി ആർ പ്രസാദ് (വൈസ് ചെയർമാൻ മാർ ) ബി. ഹരികുമാർ (സെക്രട്ടറി ), കെ എസ് ഗോപി (ജോ. സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.