കോന്നി : ആനകുത്തി വാഴത്തോപ്പില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച പാറമടക്ക് കോന്നി ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. ഇന്നലെ രാത്രിയിൽ സെക്രട്ടറിയും ഉദ്യോഗസ്ഥരും പാറമട ലൈസൻസി മല്ലേലിൽ ശ്രീധരൻ നായർരുടെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ദിവസം നടന്ന അടിയന്തിര പഞ്ചായത്ത് കമ്മിറ്റിയിലാണ് പാറമടക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാനും പുനഃ പരിശോധന നടത്താനും തീരുമാനിച്ചത്. പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാനികളും ഉദ്യോഗസ്ഥരും ചേർന്നു പാറമടയ്ക്കു ലൈസൻസ് നൽകാനായി അടിയന്തിര കമ്മിറ്റി വിളിച്ചത് അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 8 അംഗങ്ങൾ ഗുരുതര ആരോപണങ്ങൾ ഉയർത്തി മുഖ്യമന്ത്രിക്ക് പരാതിയും നൽകി. അടിയന്തിര കമ്മിറ്റിയിലല്ല പാറമടയ്ക്ക ലൈസൻസ് നൽകാനുള്ള ചർച്ച നടത്തേണ്ടതെന്നും മതിയായ രേഖകൾ ഹാജരാക്കിയിരുന്നില്ലെന്നും ഭരണപക്ഷത്തുള്ളവര്‍ത്തന്നെ വ്യക്തമാക്കിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പ്രത്യേക അജൻഡ വെച്ച് ചർച്ച നടത്തിയതിനു ശേഷം മാത്രമേ ലൈസന്‍സ് സംബന്ധിച്ച തീരുമാനമെടുക്കാവു എന്ന് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതു മറികടന്നുകൊണ്ട് സെക്രട്ടറി ലൈസൻസ് നൽകുകയും പാറമട പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
ലൈസൻസ് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന തീരുമാനം തെറ്റായി എഴുതിച്ചേർത്തതാണെന്നും കൈക്കൂലി വാങ്ങിയാണ് ലൈസൻസ് നൽകിയതെന്നുമുള്ള ഗുരുതരമായ ആരോപണവും യുഡിഎഫ് അംഗങ്ങൾ ഉന്നയിച്ചിരുന്നു. ഇത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും ഡിസിസി തലത്തിലും ചർച്ചയായി. ഇതേ തുടർന്നാണു ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. എന്നിട്ടും നിരോധന ഉത്തരവ് നൽകുന്നത് വൈകിയതോടെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ സമരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ മുൻ സെക്രട്ടറി മാറി പുതിയ സെക്രട്ടറി ചുമതലയേറ്റെടുക്കുകയും ചെയ്തു.




























