പത്തനംതിട്ട :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ഒക്ടോബര്‍ 8 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനുമുന്നോടിയായി നടന്ന പത്തനംതിട്ട ജില്ല കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സുന്ദരം പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.വി.സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു. സി.ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അനിൽകുമാർ, ഗുഡ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗം ജയകുമാർ, രാജഗോപാലൻ നായർ, നൗഷാദ് എന്നിവർ സംസാരിച്ചു.
ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളോടുള്ള പോലീസ്, ആർ.ടി.ഒ. അധികൃതരുടെ ചൂഷണം അവസാനിപ്പിക്കുക, വെയർഹൗസ്, എഫ്.സി.ഐ., ബെവ്കോ തുടങ്ങിയ ഗോഡൗണുകളിൽ ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാടക വർധനവ് നടപ്പാക്കുക, മിൽമ മേഖലയിൽ രാവും പകലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ വിശ്രമമുറികൾ അനുവദിക്കുക, ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സമയ നിയന്ത്രണം പുനഃപരിശോധിക്കുക, ടിപ്പര്‍ ലോറികള്‍ക്ക് പൊതുനിരത്തില്‍ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒക്ടോബര്‍ 8 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.































