പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ ലേബര്‍ കോഡുകള്‍ നിയമമാക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഇതിന് ആവശ്യമായ ചട്ടം രൂപീകരിക്കാതെ വരികയും ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഒരു തൊഴില്‍ നിയമവും നിലവിലില്ലാത്ത സ്ഥിതിയാണുള്ളതെന്ന് യു.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ജോസഫ് പറഞ്ഞു. പത്തനംതിട്ട ഡിസ്ട്രിക്ട് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (യു.ടി.യു.സി) ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമട്ടുതൊഴിൽ മേഖലയിൽ കഴിഞ്ഞ ഗവൺമെന്റ് നിർത്തലാക്കിയ ലേബർ കാർഡുകളുടെ വിതരണം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ.പി.മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ പൊടിമോൻ കെ.മാത്യു, എ.എം.ഇസ്മായിൽ, എസ്.സന്തോഷ്, സാബു ജോൺ, സനൽ ആനിക്കാട് എന്നിവർ പ്രസംഗിച്ചു. ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങൾ കൊണ്ടുവരണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.































