കുമരകം: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതക്കയത്തിൽ മുങ്ങി. താഴ്ന്നപ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറിയതോടെ പ്രദേശവാസികൾ പ്രതിസന്ധിയിലായി. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. ആവശ്യത്തിന് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ സുരക്ഷിതമായ സ്ഥലങ്ങളും സ്ഥാപനങ്ങളും ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നു. 2018നു ശേഷം ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിപ്പിക്കേണ്ടി വരാത്ത കുമരകം പഞ്ചായത്തിൽ ഇക്കുറി രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ ആരംഭിച്ചു.
കവണാറ്റിൻകര എബിഎം യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ആറു കുടുംബങ്ങളിൽനിന്നുള്ള 12 പേർ എത്തിയിട്ടുണ്ട്. കുമരകം ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽപ്പെട്ട ആറു പേർ താമസിക്കുന്നു. കുമരകം പഞ്ചായത്തിലെ ഒന്ന്, രണ്ട്,മൂന്ന്,, അഞ്ച്, ആറ് വാർഡുകളിൽപ്പെട്ടവരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയത്. തിരുവാർപ്പ് പഞ്ചായത്തിലും ജലനിരപ്പിലെ വർധന ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. തിരുവാർപ്പ് യുപി സ്കൂൾ, മർത്തശ് പള്ളി ഹാൾ, കാഞ്ഞിരം എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 58 പേർ വസിക്കുന്നു.
അയ്മനത്തും മൂന്നു ക്യാമ്പികളിലായി 56 ആളുകൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നു. പരിപ്പ് ഹൈസ്കൂൾ, സിഎംഎസ് എൽപിഎസ് ഒളശ, സിജെഎം യുപി സ്കൂൾ കല്ലുമട എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. വിരിപ്പുകൃഷിക്കായി നിലം ഒരുക്കിക്കൊണ്ടിരുന്ന പല പാടശേഖരങ്ങളിലും മടവീണു. പുറംബണ്ടിലൂടെ പ്രളയജലം ശക്തമായി കവിഞ്ഞൊഴുകി ബണ്ടുകൾ തകർന്നു . റോഡുകൾ വെള്ളത്തിലായതോടെ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ വെള്ളം കയറിക്കിടക്കുന്നത് കോട്ടയം – കുമരകം റോഡിലാണ്.





























